പാലക്കാട്: സ്റ്റേഡിയം ബസ് സ്റ്റാൻഡ് ടെർമിനലിന്റെ അവസാനഘട്ട പണികൾ പുരോഗമിക്കുന്നു. ഈമാസം 15നകം ഉദ്ഘാടനം നടത്താനാണ് അധികൃതരുടെ തീരുമാനം.
നേരത്തേ പത്തിനകം ഉദ്ഘാടനം നടത്താൻ തീരുമാനിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. രണ്ടുഘട്ടങ്ങളിലായി 2020 മാർച്ചോടെ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ടെർമിനൽ യാഥാർഥ്യമാകുന്നതോടെ സ്റ്റാൻഡിലെ സ്ഥലപരിമിതിക്കു പരിഹാരമാകും.
ബസുകൾ നിർത്തിയിടുന്നത് പുനഃക്രമീകരിക്കാനുമാകും. പുതിയ ബസ് ടെർമിനലിൽ ഒരേസമയം 32 ബസുകൾ നിർത്തിയിടാനാകുമെന്നാണു പ്രതീക്ഷ. ഏഴുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് ബസ് സ്റ്റാൻഡ് ടെർമിനൽ യാഥാർഥ്യമാകുന്നത്. ജില്ലയിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റാൻഡുകളിലൊന്നാണ് ബസ് സ്റ്റാൻഡ്. ബസ് സ്റ്റാൻഡിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുക എന്ന ലക്ഷ്യത്തോടെ 2019ലാണ് ബസ് ടെർമിനൽ നിർമാണം ആരംഭിച്ചത്. പാലക്കാട് നഗരസഭ അമൃത് പദ്ധതിയിൽ 3.18 കോടി രൂപ ചെലവിട്ട്, നിലവിലെ ബസ് സ്റ്റാൻഡിനു സമീപം ബസ് ടെർമിനൽ ഒരുക്കുന്നത്.